
തിരുവനന്തപുരം: പൊലീസ് സേനയിൽ വർധിച്ചുവരുന്ന ആത്മഹത്യ തടയാൻ സേനയുടെ അംഗബലം കാലോചിതമായി പരിഷ്കരിക്കണമെന്ന മനുഷ്യാവകാശ കമീഷന്റെ ഉത്തരവിനോട് മുഖംതിരിച്ച് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സേനയിലെ ആൾബലം കൂട്ടാനുള്ള നടപടികളിൽനിന്ന് സർക്കാർ പിന്നാക്കം പോയതോടെ, സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിലെ നിയമനം ഇഴയുന്നു.
എസ്.ഐ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ 20 ദിവസം മാത്രം ബാക്കിനിൽക്കെ, 1035 പേരുടെ പട്ടികയിൽ നിന്ന് നിയമന ശിപാർശ ലഭിച്ചത് 114 പേർക്ക് മാത്രം. ഇതിൽ 22 ഒഴിവും എൻ.ജെ.ഡിയാണ് (നോൺ ജോയിനിങ് ഡ്യൂട്ടി). അതായത് യഥാർഥ നിയമനം 92 മാത്രം. മുൻ റാങ്ക് ലിസ്റ്റിൽ 608 പേർക്ക് നിയമന ശിപാർശ ലഭിച്ച സ്ഥാനത്താണിത്. 2024 ജൂൺ ഏഴിന് നിലവിൽ വന്ന റാങ്ക് ലിസ്റ്റ് അടുത്തമാസം ആറിന് അവസാനിക്കും.
ലഹരിക്കേസുകളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകളും വർധിച്ച സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനുകളിൽ 15,000 പേരെ കൂടി ആവശ്യമുണ്ടെന്നു കാണിച്ച് വിവിധ ജില്ല പൊലീസ് മേധാവിമാർ സമർപ്പിച്ച റിപ്പോർട്ടും ഒരു ഐ.ജിയുടെ പഠന റിപ്പോർട്ടും സംസ്ഥാന പൊലീസ് മേധാവി മാസങ്ങൾക്കുമുമ്പ് ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിരുന്നു. എന്നാൽ, സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ഇവ സർക്കാർ മാറ്റിവെക്കുകയായിരുന്നു.
500 പേർക്ക് ഒരു പൊലീസ് എന്ന തരത്തിൽ സേനാബലം വർധിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദേശിച്ചിട്ട് വർഷങ്ങളായെങ്കിലും ഇക്കാര്യത്തിലും അനുകൂല തീരുമാനമെടുത്തിട്ടില്ല. 1982ൽ നിശ്ചയിച്ച, 656 പേർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന തരത്തിൽ അമ്പത്തയ്യായിരത്തോളം പേരാണ് പൊലീസ് സേനയിലുള്ളത്.
ജോലി ഭാരവും മേലുദ്യോഗസ്ഥരുടെ മോശം ഇടപെടലും കുടുംബപ്രശ്നങ്ങളും മൂലം 10 വർഷത്തിനിടെ, 141 പൊലീസുകാർ ജീവനൊടുക്കി. ജോലിസമ്മർദം, മേലുദ്യോഗസ്ഥരുടെ മോശം ഇടപെടൽ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ മൂലം സ്വയം വിരമിക്കൽ (വി.ആർ.എസ്) വാങ്ങി പിരിഞ്ഞുപോകുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെന്നാണ് റിപ്പോർട്ട്.
സേനാംഗങ്ങളിൽ വർധിച്ചുവരുന്ന ആത്മഹത്യ തടയാൻ ആൾബലം കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരള പൊലീസ് അസോസിയേഷനും പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പൊലീസുകാരില്ലാത്തതിനാൽ പല സ്റ്റേഷനുകളിലും ക്രമസമാധാനപാലനം വേണ്ടവിധം നടക്കുന്നില്ലെന്നും പരാതിയുണ്ടെന്ന് മനുഷ്യാവകാശ കമീഷനും സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നാരോപിച്ച് വനിത സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒടുവിൽ പ്രതിഷേധം കനത്തതോടെ, റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം നിൽക്കെ, 65 ഒഴിവുകൾ കൂടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു. –