ലോക്കൽ ബാങ്ക് ഓഫിസറാകാൻ യു.ബി.ഐ വിളിക്കുന്നു
November 1, 2024കേന്ദ്ര പൊതുമേഖലയിൽപെടുന്ന യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ ശാഖകളിലേക്ക് ലോക്കൽ ബാങ്ക് ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. ആകെ 1500 ഒഴിവുകളുണ്ട്. കേരളത്തിൽ 100 ഒഴിവുകളാണുള്ളത്. പ്രാദേശിക ഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, കർണാടകം, കേരളം, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ബാങ്ക് പ്രബേഷനറി ഓഫിസർ തസ്തികക്ക് സമാനമാണിത്. ശമ്പളനിരക്ക് 48,480-85,920 രൂപ. ഏതെങ്കിലുമൊരു സംസ്ഥാനത്തിലെ ഒഴിവുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.unionbankofindia.co.in/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക്ലിസ്റ്റും ഉണ്ടാവണം. പ്രായപരിധി 1.10.2024ൽ 20-30 വയസ്സ്. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വർഷം, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷാഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ മതി. ഓൺലൈനായി നവംബർ 13 വരെ അപേക്ഷ സമർപ്പിക്കാം.
സെലക്ഷൻ: ഓൺലൈൻ പരീക്ഷ, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഭാഷാ പ്രാവീണ്യ ടെസ്റ്റുമുണ്ടാവും. പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്.
കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ പരീക്ഷാകേന്ദ്രങ്ങളായിരിക്കും.