യുവതയുടെ ഹരമാണ് ഫാഷൻ. ഫാഷൻ ലോകത്ത് മികച്ച കരിയർ കണ്ടെത്തുന്നതിന് സഹായകമായ പാഠ്യപദ്ധതിയാണ് ഫാഷൻ ടെക്നോളജിയും ഫാഷൻ ഡിസൈനുമൊക്കെ. ബിരുദ-ബിരുദാനന്തര ബിരുദ, ഗവേഷണ പഠനാവസരങ്ങൾ ഈ മേഖലയിലുണ്ട്. ഫാഷൻ ടെക്നോളജി, ഡിസൈൻ, മാനേജ്മെന്റ് മേഖലകളിൽ ഗുണമേന്മയോടുകൂടിയ ഉന്നത വിദ്യാഭ്യാസ-ഗവേഷണ പഠനാവസരങ്ങളൊരുക്കുന്ന ലോകോത്തര നിലവാരമുള്ള മുൻനിര സ്ഥാപനമാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി അഥവാ നിഫ്റ്റ്. ഇവിടെ 2025 വർഷത്തെ ബിരുദം (യു.ജി), ബിരുദാനന്തരബിരുദം (പി.ജി), പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ (നിഫ്റ്റി-2025)ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് നടത്തിപ്പുകാർ.
യു.ജി പ്രോഗ്രാമുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്), ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്) എന്നിവയിലും പി.ജി പ്രോഗ്രാമുകളിൽ മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്) എന്നിവയിലുമാണ് പ്രവേശനം.
പ്രവേശന പരീക്ഷ: ബി.ഡെസ്, എം.ഡെസ് കോഴ്സുകളിൽ പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് (ഗാട്ട്) , ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റ് (കാറ്റ്) എന്നിവയിൽ യോഗ്യത നേടണം.
ബി.എഫ്.ടെക്, എം.എഫ്.എം, എം.എഫ്.ടെക് കോഴ്സുകളിൽ പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റിൽ യോഗ്യത നേടിയാൽ മതി.
‘ഗാട്ട്’ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും ‘കാറ്റ്’ പേപ്പർ അധിഷ്ഠിത പരീക്ഷയുമാണ്. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ വ്യക്തിഗത അഭിമുഖം നടത്തി മെരിറ്റ് ലിസ്റ്റ് തയാറാക്കും. (പി.എച്ച്.ഡിക്ക് പ്രത്യേക പരീക്ഷയാണ്. റിസർച് പ്രപ്പോസൽ പ്രസന്റേഷനും ഇന്റർവ്യൂവും സെലക്ഷന്റെ ഭാഗമാണ്).
ഫ്രെബ്രുവരി ഒമ്പത് ഞായറാഴ്ചയാണ് പ്രവേശന പരീക്ഷ. പരീക്ഷാഘടനയും സിലബസും സമയക്രമവും നിഫ്റ്റ് കാമ്പസുകളും കോഴ്സുകളും പ്രവേശന നടപടിക്രമങ്ങളും അടങ്ങിയ 2025ലെ പ്രോസ്പെക്ടസ്, എൻട്രൻസ് പരീക്ഷ വിജ്ഞാപനം https://exams.nta.ac.in/NIFTൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷ ഫീസ്: ഓപൺ/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഓരോ പ്രോഗ്രാമിനും 3000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 1500 രൂപ മതി. രണ്ട് പ്രോഗ്രാമുകൾക്ക് യഥാക്രമം 4500 രൂപ, 2250 രൂപ എന്നിങ്ങനെ നൽകിയാൽ മതി. പ്രവാസി ഇന്ത്യക്കാർക്കും വിദേശ വിദ്യാർഥികൾക്കും മറ്റും 125 ഡോളറാണ് ഫീസ്. ബാങ്ക് സർവിസ് ചാർജ് കൂടി നൽകേണ്ടിവരും.
വെബ്സൈറ്റ് വഴി ജനുവരി ആറു വരെ ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷാ സമർപ്പണവും നടത്താവുന്നതാണ്. ജനുവരി ഏഴു മുതൽ ഒമ്പതു വരെ അപേക്ഷിക്കുന്നവർ ലേറ്റ് ഫീസായി 5000 രൂപ കൂടി നൽകണം. ഓൺലൈൻ അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് ജനുവരി 10-12 വരെ സൗകര്യം ലഭിക്കും.
പ്രവേശന യോഗ്യത: ബി.ഡെസ് പ്രോഗ്രാമിന് പ്ലസ് ടു/ഹയർസെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. 3/4 വർഷ അംഗീകൃത ഡിപ്ലോമക്കാരെയും പരിഗണിക്കും.
ബി.എഫ്.ടെക് പ്രോഗ്രാമിന് മാത്തമാറ്റിക്സ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. 3/4 വർഷം അംഗീകൃത എൻജിനീയറിങ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.
പ്രായപരിധി 2025 ആഗസ്റ്റ് ഒന്നിന് 24 വയസ്സിൽ താഴെയാവണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവുണ്ട്.
എം.ഡെസ്, എം.എഫ്.എം പ്രോഗ്രാമുകൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ നിഫ്റ്റ്/എൻ.ഐ.ഡി ഡിപ്ലോമ. എം.എഫ്.ടെക് കോഴ്സ് ബി.എഫ്.ടെക്/ബി.ഇ/ബി.ടെക് യോഗ്യതയുള്ളവർക്കാണ്. പി.ജി പ്രോഗ്രാമുകൾക്ക് പ്രായപരിധിയില്ല.
യു.ജി സ്പെഷലൈസേഷനുകൾ: ബി.ഡെസ്-നാല് വർഷം, ഫാഷൻ കമ്യൂണിക്കേഷൻ, അക്സസറി ഡിസൈൻ, ഫാഷൻ ഡിസൈൻ, നിറ്റ്വെയർ ഡിസൈൻ, ലതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, ഫാഷൻ ഇന്റീരിയേഴ്സ്.
ബി.എഫ്.ടെക്-നാല് വർഷം-അപ്പാരൽ പ്രൊഡക്ഷൻ.
നിഫ്റ്റി പരീക്ഷ കേന്ദ്രങ്ങൾ: കേരളത്തിൽ എറണാകുളം, കണ്ണൂർ, കോഴിക്കോട്, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശൂർ; ലക്ഷദ്വീപിൽ കവരത്തി.
തൊഴിൽ സാധ്യത: നിഫ്റ്റിൽ പഠിച്ചിറങ്ങുന്നവർക്ക് ഫാഷൻ ഡിസൈനർ, ടെക്സ്റ്റൈൽ ഡിസൈനർ, ഫാഷൻ മേർക്കൻഡൈസർ, ഫാഷൻ കൺസൽട്ടന്റ്, ഫാഷൻ ജേണലിസ്റ്റ്, സ്റ്റൈലിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനർ, ഫാഷൻ മാർക്കറ്റിങ് സ്പെഷലിസ്റ്റ് മുതലായ തൊഴിൽസാധ്യതകളാണുള്ളത്. പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകൾ വിജയിക്കുന്നവർക്ക് അധ്യാപകരാകാം.
19 നിഫ്റ്റ് കാമ്പസുകൾ
കണ്ണൂർ ഉൾപ്പെടെ ഇന്ത്യയൊട്ടാകെ 19 നിഫ്റ്റ് കാമ്പസുകളാണുള്ളത്. കണ്ണൂരിൽ ബി.ഡെസ്-ഫാഷൻ കമ്യൂണിക്കേഷൻ-34 സീറ്റ് (കേരളത്തിലുള്ളവർക്ക് 7സീറ്റ്), ഫാഷൻ ഡിസൈൻ-34 (7); നിറ്റ്വിയർ ഡിസൈൻ-34 (7); ടെക്സ്റ്റൈൽ ഡിസൈൻ-34 (7); ബി.എഫ്.ടെക് (അപ്പാരൽ പ്രൊഡക്ഷൻ) 34 (7); എം.ഡെസ്-34 (7); എം.എഫ്.എം-34 (7) എന്നിങ്ങനെയാണ് കോഴ്സുകളും സീറ്റുകളും.
ബംഗളൂരു, ഭോപാൽ, ചെന്നൈ, ദാമൻ, ഗാന്ധിനഗർ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, റായ്ബറേലി, പട്ന, പഞ്ചകുല, ഷില്ലോങ്, കാൻഗ്ര, ജോധ്പൂർ, ഭുവനേശ്വർ, ശ്രീനഗർ, വാരണാസി എന്നിവിടങ്ങളിലാണ് മറ്റ് നിഫ്റ്റ് കാമ്പസുകളുള്ളത്. ഓരോ കാമ്പസിലും ലഭ്യമായ കോഴ്സുകളും സീറ്റുകളും പ്രോസ്പെക്ടസിലുണ്ട്.