പൊതുമേഖലാ സ്ഥാപനങ്ങളിൽ എക്സിക്യൂട്ടിവ് ട്രെയിനി
October 4, 2024ഗേറ്റ്-2025ൽ ഉയർന്ന സ്കോർ നേടുന്ന സമർഥരായ എൻജിനീയറിങ് ബിരുദധാരികൾക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ എക്സിക്യൂട്ടിവ് ട്രെയിനികളാവാം. പരിശീലനം പൂർത്തിയാവുമ്പോൾ എക്സിക്യൂട്ടിവ്/എൻജിനീയർ തസ്തികയിൽ ആകർഷകമായ ശമ്പളനിരക്കിൽ സ്ഥിരം നിയമനം ലഭിക്കും. ഗെയിൽ ഇന്ത്യ ലിമിറ്റഡ്, എൻ.ടി.പി.സി ലിമിറ്റഡ്, എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ്, മ്യൂണിഷ്യൻസ് ഇന്ത്യ ലിമിറ്റഡ് മുതലായ സ്ഥാപനങ്ങൾ എക്സിക്യൂട്ടിവ് ട്രെയിനി അവസരങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്.
എൻ.ടി.പി.സിക്ക് അക്കാദമിക് മികവുള്ള ഊർജസ്വലരായ യുവ എൻജിനീയർമാരെ വേണം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മൈനിങ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകാർക്കാണ് അവസരം. പരസ്യനമ്പർ 14/24 പ്രകാരം എൻജിനീയറിങ് എക്സിക്യൂട്ടിവ് ട്രെയിനികളെ ഗേറ്റ്-2025 സ്കോർ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന വിവരം https://careers.ntpc.co.in, www.ntpc.co.in എന്നീ വെബ്സൈറ്റുകളിലുണ്ട്. അപേക്ഷാ സമർപ്പണത്തിനുള്ള കാലയളവും തീയതിയും സെലക്ഷൻ നടപടികളും അടക്കമുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള മ്യൂണിഷ്യൻസ് ഇന്ത്യ ലിമിറ്റഡ് മെക്കാനിക്കൽ, ഇൻഫർമേഷൻ ടെക്നോളജി, കെമിസ്ട്രി വിഷയങ്ങളിൽ അക്കാദമിക് മികവോടെ ബിരുദമെടുത്ത് ഗേറ്റ്-2025ൽ ഉയർന്ന സ്കോർ നേടുന്നവർക്കാണ് എക്സിക്യൂട്ടിവ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നത്. (പരസ്യനമ്പർ MIL/HR/2024-25/ET/2025/01) വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://munitionsindia.inൽ യഥാസമയം പ്രസിദ്ധപ്പെടുത്തും.