‘നായിക കുളത്തിലേക്ക് ചാടുമ്പോൾ കാമറയും കൂടെ ചാടട്ടെ’ എന്ന് പറയുന്ന സിനിമാ മോഹിയാണോ നിങ്ങൾ? എങ്കിൽ സിനിമയെക്കുറിച്ച് നിങ്ങൾ കൂടുതൽ പഠിക്കണം

61 Views

സിനിമയുടെ പിറവി മുതൽ ഇന്നോളം സിനിമ മേഖല സാങ്കേതിക പരമായും കലാപരമായും വിപ്ലവകരമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ഏറ്റവും ഒടുവിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ (എ.ഐ) സ്വാധീനവും ചലച്ചിത്ര നിർമ്മാണ മേഖലയെ അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണ്.

പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലെല്ലാം എ.ഐ സാങ്കേതികവിദ്യ വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.

സിനിമയിൽ എ.ഐ

നിലവിൽ കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി(CGI), വിഷ്വൽ എഫക്ടുകൾ എന്നിവയിൽ ഊന്നിയുള്ള സാങ്കേതികവിദ്യകളാണ് ചലച്ചിത്ര നിർമ്മാണത്തിൽ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. അവതാർ, സ്റ്റാർ വാർസ് ; എ ന്യൂ ഹോപ്പ് തുടങ്ങിയ സിനിമകളിലൊക്കെ ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കിയതാണ്.

ലോകം ചടുലമായ മാറ്റങ്ങൾക്ക് വിധേയമായിക്കാെണ്ടിരിക്കുന്ന ഈ കാലത്ത് എ.ഐ ടൂളുകളുടെ ഉപയോഗം കേവലം വിഷ്വൽ ഇഫക്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. അനുദിനം നവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയെ ഉൾക്കൊണ്ടും മനസ്സിലാക്കിയും ആയിരിക്കണം സിനിമ പഠനം.

സിനിമ പഠനം; തുറന്നിടുന്നത് അവസരങ്ങളുടെ പറുദ്ദീസ

അടിമുടി മാറിക്കൊണ്ടിരിക്കുന്ന സിനിമ മേഖലയിൽ നിരവധി തൊഴിലവസരങ്ങളാണുള്ളത്. സിനിമാട്ടോഗ്രാഫി, എഡിറ്റിംഗ്, സംവിധാനം, തിരക്കഥ രചന, സൗണ്ട് മിക്സിംഗ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ നിരവധി അവസരങ്ങളാണുള്ളത്.

പ്ലസ് ടുവിന് ശേഷമുള്ള ബിരുദ കോഴ്സുകളും ബിരുദത്തിന് ശേഷമുള്ള ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളുമുണ്ട്. പഠിതാക്കളുടെ ആവശ്യവും സൗകര്യങ്ങളുമനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ ചില കോഴ്സുകൾ പരിശോധിക്കാം.

സംവിധാനം

സംവിധാനം പഠിക്കാനാഗ്രഹിക്കുന്നവർക്ക് ബി.എ ഫിലിം മേക്കിംഗ്, ബി.എസ്.സി ഇൻ സിനിമ (സ്പെഷ്യലൈസേഷൻ ഇൻ ഡയറക്ഷൻ), പി.ജി ഡിപ്ലാേമ ഇൻ ഡയറക്ഷൻ തുടങ്ങി വിവിധ കോഴ്സുകൾ ലഭ്യാണ്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(FTII), സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്(SRFTI) തുടങ്ങിയ സ്ഥാപനങ്ങൾ ഈ കോഴ്സുകൾ നൽകുന്നുണ്ട്.

എഡിറ്റിങ്

കളർ കറക്ഷൻ, ഫൂട്ടേജ് ഓർഗനൈസേഷൻ, റഫ് കട്ട് ഉൾപ്പെടെയുള്ള ജോലികൾ ഫലപ്രദമായി ചെയ്യാൻ എ.ഐ സഹായിക്കും. എന്നിരുന്നാലും മനുഷ്യന്റെ സർഗ്ഗാത്മക ശേഷിയും കലാപരമായ വിവേചന ബുദ്ധിയും എ.ഐക്ക് ഉണ്ടാവില്ല.

അതിനാൽ തന്നെ എ.ഐ എന്ന സാങ്കേതിക വിദ്യയെ ഒരു ഉപകരണമെന്ന നിലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നവർക്ക് വിഷ്വൽ എഡിറ്റിംഗ് കരിയർ മേഖലയിൽ അനന്തസാധ്യതകളും ഉയർന്ന ഡിമാൻഡും ഉണ്ടാകും. Coursera, Udemy, Skillshare തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എഡിറ്റിങ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഫിലിം സ്കൂളുകളും സർവ്വകലാശാലകളും ഇത്തരം എഡിറ്റിംഗ് പ്രോഗ്രാമുകൾ നൽകിവരുന്നു.

സിനിമാട്ടോഗ്രഫി

ഒരു സിനിമ നിർമ്മാണത്തിലെ ഏറ്റവും പ്രധാനമായ ഭാഗമാണ് സിനിമാട്ടോഗ്രഫി. ഒരു രംഗത്തെ അതിന്‍റെ വൈകാരികം ഒട്ടുംതന്നെ ചോർന്നു പോകാതെ പകർത്തി പ്രേക്ഷകരിലേക്ക് എത്തിക്കേണ്ട ചുമതല സിനിമാട്ടോഗ്രാഫറുടേതാണ്.

ഫോക്കസ് ട്രാക്കിംഗ്, ഫ്രെയിമിംഗ്, ക്യാമറ ചലനങ്ങൾ എന്നിവ പോലുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ എ.ഐപവേർഡ് ക്യാമറകൾക്ക് കഴിയും. കൂടാതെ ഒരു രംഗം തത്സമയം വിശകലനം ചെയ്ത് എക്സ്പോഷർ, കളർ ബാലൻസ് തുടങ്ങിയവയിൽ ക്രമീകരണങ്ങൾ വരുത്താനും എ.ഐക്ക് കഴിയും. കുറഞ്ഞ സമയത്തിലും കുറഞ്ഞ ചെലവിലും സ്വാഭാവികത പുലർത്തുന്ന ടെക്സ്ചറുകൾ, ലൈറ്റിംഗ് എന്നിവ സൃഷ്ടിക്കാൻ എ.ഐ അൽഗോരിതങ്ങൾ ഉപയോഗിക്കാം.

ഇത്തരം സാങ്കേതിക പരിജ്ഞാനം ആർജിച്ചെടുക്കുകയും ഫലപ്രദമായി പ്രയോഗിക്കാൻ സാധിക്കുകയും ചെയ്യുന്ന സിനിമാട്ടോഗ്രാഫർക്ക് തന്‍റെ കരിയറിൽ തിരിഞ്ഞുനോക്കേണ്ടി വരില്ല.

കൊൽക്കൊത്തയിലെ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാട്ടോഗ്രാഫിയിൽ ആറു സെമസ്റ്ററുകളിലായി മൂന്ന് വർഷം ദൈർഘ്യമുള്ള ബിരുദാനന്തര ബിരുദ കോഴ്സ് ലഭ്യമാണ്. ഏതെങ്കിലും ഒരു അംഗീകൃത ബിരുദമാണ് യോഗ്യത. ആകെ 12 സീറ്റുകൾ ആണുള്ളത്.ജോയിൻറ് എൻട്രൻസ് ടെസ്റ്റ് (JET), അഭിമുഖം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വച്ചാൽ അഡ്മിഷൻ നേടാം.

ഇന്ത്യയിലെ മികച്ച സിനിമ പഠന കേന്ദ്രങ്ങൾ

● ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), പൂനെ- സിനിമ നിർമ്മാണം, സിനിമാട്ടോഗ്രാഫി, എഡിറ്റിംഗ് എന്നിവയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾ നൽകി വരുന്നു.-

● സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SRFTI), കൊൽക്കത്ത

● വിസ്‌ലിംഗ് വുഡ്‌സ് ഇന്റർനാഷണൽ – മുംബൈ, സിനിമ നിർമ്മാണം, അഭിനയം എന്നിവയിലുൾപ്പെടെ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.

● ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ -ഉത്തർപ്രദേശ് -സിനിമാട്ടോഗ്രാഫി പ്രധാന വിഷയമായി എടുത്തുകൊണ്ട് മൂന്നു വർഷത്തെ ബി.എസ് .സി സിനിമ കോഴ്സ് നൽകുന്നു.-

● മുംബൈ ഫിലിം അക്കാദമി -ഫിലിം ആൻഡ് ടിവി ഡയറക്ഷൻ, സിനിമാട്ടോഗ്രാഫി, ലൈറ്റിംഗ്,ഫിലിം ആൻഡ് വീഡിയോ എഡിറ്റിംഗ്, ഫിലിം പ്രൊഡക്ഷൻ ആൻഡ് ഫിലിം ഡിസ്ട്രിബ്യൂഷൻ , സ്ക്രിപ്റ്റ് ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിംഗ്, വി എഫ് എക്സ് എന്നിവയിൽ കോഴ്സുകൾ ചെയ്യുന്നു –

ഇന്ത്യക്ക് പുറത്തുള്ള മികച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ

● യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ (USC)

● സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സ് (USA)

● ന്യൂയോർക്ക് യൂണിവേഴ്സിറ്റി (NYU) ടിഷ് സ്കൂൾ ഓഫ് ആർട്സ് (USA)

● ലണ്ടൻ ഫിലിം സ്കൂൾ (UK)

● നാഷണൽ ഫിലിം ആൻഡ് ടെലിവിഷൻ സ്കൂൾ (NFTS) – യു.കെ

Leave a Reply

Your email address will not be published. Required fields are marked *