
കേന്ദ്ര പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡ ഓഫിസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികയിൽ സ്ഥിരം നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. (പരസ്യ നമ്പർ BOM/ HRM/ REC/ ADVT/ 2025/ 05) വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.bankofbaroda.in/careerൽ (കറന്റ് ഓപർച്യൂണിറ്റീസ് ലിങ്കിൽ)നിന്നും ഡൗൺലോഡ് ചെയ്യാം. മേയ് 23 വരെ ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകൾ: വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി ആകെ 500 ഒഴിവുകളുണ്ട് (കേരളത്തിൽ 19, തമിഴ്നാട്ടിൽ 24, കർണാടകത്തിൽ 31) എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ഡി, വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണം ലഭിക്കും.
യോഗ്യത: എസ്.എസ്.എൽ.സി/ മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും അറിയണം. പ്രായപരിധി 18-26 വയസ്സ്. 1.5.1999ന് മുമ്പോ 1.5.2007ന് ശേഷമോ ജനിച്ചവരാകരുത്. പട്ടികവിഭാഗത്തിന് അഞ്ചുവർഷം, ഒ.ബി.സി നോൺ ക്രീമിലെയർ മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിധവകൾ/ നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം കഴിച്ചിട്ടില്ലാത്തവർക്ക് (35 വയസ്സ്), വിമുക്ത ഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷാ ഫീസ് 600 രൂപ. വനിതകൾക്കും സംവരണ വിഭാഗക്കാർക്കും 100 രൂപ. നികുതി കൂടി നൽകേണ്ടതുണ്ട്.
സെലക്ഷൻ: ഓൺലൈൻ ടെസ്റ്റ്, ഭാഷ പരിജ്ഞാന പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം, അരിത്മെറ്റിക്, സൈക്കോമെട്രിക (റീസണിങ്) എന്നിവയിലുള്ള അറിവ് പരിശോധിക്കുന്ന വിധത്തിലുള്ള 100 ചോദ്യങ്ങളുണ്ടാവും. 80 മിനിറ്റ് സമയം ലഭിക്കും. പരമാവധി 100 മാർക്കിനാണിത്.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്നവരെ 19,500 -37,815 രൂപ ശമ്പള നിരക്കിൽ നിയമിക്കും. പെൻഷൻ ഉൾപ്പെടെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും.