
കൊച്ചി: ബ്രിട്ടീഷ് കൗൺസിലിന്റെ പിന്തുണയോടെ കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ‘അച്ചീവേഴ്സ് ഡയലോഗ്’ യു.കെ സ്റ്റുഡൻറ് എജുകേറ്റർ മീറ്റ് ശനിയാഴ്ച കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും. യു.കെയിലെ മുൻനിര സർവകലാശാലകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇതൊരു അപൂർവ അവസരമാണ്.
ബ്രിട്ടീഷ് കൗൺസിലിന്റെ പിന്തുണയോടെ മുമ്പ് ഡൽഹി, ബംഗളുരു, പുണെ, ഹൈദരാബാദ്, കൊൽക്കത്ത പോലുള്ള മെട്രോ നഗരങ്ങളിൽ മാത്രം നടന്നിട്ടുള്ള ഈ വിദ്യാർഥി സംഗമം ആദ്യമായാണ് കേരളത്തിലേക്ക് വരുന്നത്. യു.കെയിലെ ഇന്ത്യൻ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും അസോസിയേഷനായ നിസാവു യു.കെയുമായി (NISAU UK) സഹകരിച്ച് 17 വർഷമായി വിദേശ വിദ്യാഭ്യാസ കൺസൾട്ടിങ് രംഗത്തുള്ള എഡ്‌റൂട്സ് ഇന്റർനാഷനലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഇംപീരിയൽ കോളജ് ലണ്ടൻ ഉൾപ്പെടെ 30ലധികം പ്രമുഖ യു.കെ സർവകലാശാലകളുടെ പ്രതിനിധികളും യു.കെ സർവകലാശാല അലുംനി പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും യു.കെയിലെ പ്രവേശന നടപടി ക്രമങ്ങൾ, സ്കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ എന്നിവയെ കുറിച്ച് ചോദിച്ചറിയാം.
ഡോ. ശശി തരൂർ എം.പി അടക്കമുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. സ്‌കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, യു.കെ കാമ്പസ് ലൈഫ്, െഎ.ഇ.എൽ.ടി.എസ്, അഡ്മിഷൻ-വീസ പ്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും വ്യക്തിഗത കരിയർ ഗൈഡൻസിനും അവസരമുണ്ട്.
ബ്രിട്ടീഷ് കൗൺസിൽ, യു.കെ സർവകലാശാലകൾ, നിസാവു എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കുന്ന വിദഗ്ധരുടെ പാനൽ ചർച്ചയും ഉച്ചക്ക് ശേഷം നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം നാല് വരെ തുടരും. മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. സൗജന്യ രജിസ്ട്രേഷന്: 9946 755 333 | 0484 2941 333 www.edroots.com.